വയസ്സ് പത്തെഴുപതായി. ഉയർന്ന ജാതി ബോധത്തെ ജനാധിപത്യ വേഷം കെട്ടിലൂടെ അഭിനയിച്ച് മറച്ച് വച്ച് പോകാൻ തലയിലെ ഞരമ്പുകൾക്ക് കഴിവ് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മരിക്കും മുൻപ് ഏതെങ്കിലുമൊരു അലങ്കാര കസേരയിലിരുന്നില്ലെങ്കിൽ താൻ വെറുമൊരു ശശി മാത്രമാകുമെന്ന് ഉറപ്പായി. ഒരു ഉപപ്രധാനമന്ത്രി വരെയെങ്കിലുമാകാൻ ഇനിയും കോൺഗ്രസിൽ നിന്നാൽ ചാൻസ് കുറവാണ് എന്ന ഭീതിയും സങ്കടവും സംശയവും തലച്ചോറിലെ ആദർശങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അന്യരുടെ മുതുകത്ത് ചവിട്ടി നിൽക്കാൻ പറ്റുന്നഏതെങ്കിലും ഒരു മരക്കസേര ഇല്ലാതിരുന്നാൽ പെട്ടെന്നെങ്ങാനും അടിച്ചു പോയാൽ താൻ വെറും ശശി പോലുമാകില്ല എന്നുറപ്പാണ്. ആ തോന്നൽ ഞരമ്പുകളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതൊരു ടെൻഷനായി ആർത്തിയായി, പരവേശമായി, കൊതിയായി മാറുന്നതിനിടയിൽ കോൺഗ്രസിനെ മൂന്നക്കത്തിൽ താഴെയിറക്കി പരിഹസിക്കാൻ വഴി തേടുന്ന ബിജെപിയുമായി ഒരു അവിഹിത സാധ്യത തെളിഞ്ഞു. അവർക്ക് ലക്ഷ്യം രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃത്വം ഇല്ലാതാക്കുക. ഉന്നത നിലവാരമുള്ള, അന്തർദേശീയ നിലവാരമുള്ള, മനുഷ്യാവകാശ മുഖമുള്ള രാഹുൽ ഗാന്ധിയ്ക്കൊപ്പം അതേ കെട്ടുറപ്പോടെ നിൽക്കാൻ പോന്ന ഒരാളില്ലാത്ത ബിജെപി രാഹുലിനെ നാറ്റിക്കാനും ജനത്തെ പറ്റിക്കാനും പറ്റിയ ഒരു ആയുധം തേടി നടക്കുമ്പോൾ ആണ് എന്തൊക്കെയോ ആണെന്നും എന്തെങ്കിലും ആകണമെന്നും ആർത്തി പിടിച്ചു നടക്കുന്ന സ്ത്രൈണ ഭാവുള്ള ഒരു ചതിയൻ്റെ കണ്ണുകളിലെ മിന്നലാട്ടം കോൺഗ്രസിൻ്റെ മുറ്റത്ത് കണ്ടത്. ഒരെല്ലിൻ കഷണവും ഒരു ചൂരൽ വടിയുടെ നിഴലുമുണ്ടെങ്കിൽ തങ്ങൾ ഇട്ടു കൊടുക്കുന്ന ചെറിയ അപ്പക്കഷണം മതി അയാളെ തങ്ങളുടെ ഫാമിലെ കൂട്ടിൽ കയറ്റാൻ എന്ന് ബിജെപി മനസ്സിലാക്കി. പഞ്ചായത്ത് സീറ്റ് കിട്ടാത്തതിനാലും ബൂത്ത് കമ്മിറ്റിയിലെ എക്സിക്യുട്ടീവ് അംഗത്തം കിട്ടാത്തതിനാലും മുൻപുണ്ടായിരുന്നഎല്ലാ ഭീഷണികളെയും മറന്ന് എതിർ പാളയത്തിലേക്ക് വലിഞ്ഞുകയറി ചെന്ന്, അവർ പറയും പടി എത്ര കാ ൽ വേണമെങ്കിലും കഴുകാൻ തയാറാകുന്ന ഒരു സാദാ ആദർശ രഹിത അണിയെക്കാളും നാണം കെടാൻ തയാറായി ഇറങ്ങിപ്പുറപ്പെട്ട ഒരു ഫേക്ക് വിശ്വ പൗരൻ്റെ മുഖത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ, കേരള രാഷ്ട്രീയത്തിലെ പേരായി മാറുന്നു ശശി തരൂർ. സ്വയം നാണം കെട്ടാലും ഇത്രയും നാൾ തന്നെ നേതാവായ ചുമന്ന പാവം കോൺഗ്രസ് പ്രവർത്തകരെ നോക്കി പല്ലിളിക്കുമ്പോൾ ശശി മറക്കുന്ന ഒരു കാര്യമുണ്ട്. അത് ഗാന്ധിജി പറഞ്ഞ ഒരു തത്വചിന്തയിലെ ഒരു ചെറിയ ആപ്തവാക്യമാണ്. പൊളിറ്റിക്സ് വിതൗട്ട് പ്രിൻസിപ്പിൾ ഈസ് എ ഡെഡ്ലി സിൻ.
ശശിയെ പുറത്താക്കണമെന്ന ചിലരുടെ ആശയത്തോട് ജനവും രാഹുൽ ഗാന്ധിയും പ്രതികരിക്കുന്നില്ല. ശശിയെ പുറത്താക്കിയാൽ അതേ നിമിഷം ഒരു കാവി ഷാൾ പുതച്ച് ബിജെപിയുടെ എംപിയായി ശശി വിലസും.മന്ത്രിയാകും. ഇത്തരക്കാർക്കൊക്കെ ബിജെപി നല്ലൊരു താവളവും മാളവുമാണ്. തനിയെ പുറത്തു പോയാൽ എം പി സ്ഥാനവും പോകും. അവിടെ ഒന്നുമായില്ലെങ്കിൽ പോലും പെരുവഴിയിലാകാതിരുന്നാൽ മതിയെന്നാണ് ശശി ചിന്തിക്കുന്നത്. ഹൈക്കമാൻഡ് പക്ഷെ ശശിയെ കുറിച്ച് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഇതൊക്കെ തലയിണയുടെ അരികിൽ തിരുകി വച്ചിട്ട് സ്വന്തം കറക്കു കമ്പനിയെ വച്ച് ഒരു ഓൺലൈൻ വോട്ടെടുപ്പും നടത്തി സ്വന്തം എക്സ് അക്കൗണ്ടിൽ പ്രദർശിപ്പിച്ച ശേഷം ശശി സ്വയം പ്രഖ്യാപിച്ചു, താൻ ശശിയാണ് എന്ന് ! ശശി ഒരു സംഭവമാണെന്ന് ആരാണ് പറയുന്നത്? ശശി തന്നെ! പുതിയ മോട്ടിവേഷൻ ക്ലാസുകളിലൊക്കെ സ്വയം പരിചയപ്പെടുത്തൽ ജീവിതവിജയത്തിനുള്ള പോസിറ്റീവ് എനർജിയാണെന്ന് പഠിപ്പിക്കുന്നത് കേട്ട് സ്വയം പ്രചോദിതരായി തുള്ളിച്ചാടുന്ന മണ്ടൻ നിരകൾക്ക് ശശി നല്ല ഒരു മാതൃകയാണ്. ഒരു ഗുണവും ആർക്കുമില്ല, സ്വന്തം ആർത്തി തീരുകയുമില്ല എന്ന് പറയാൻ പറ്റിയ ഒന്നാന്തരം ഉരുപ്പടി. വിദ്യകൊണ്ട് അറിയേണ്ടത് അറിയാതെ, വകതിരിവ്, മര്യാദ, നന്ദി, നിലപാട് എന്നിവയെ പറ്റി ചിന്തിക്കാത്ത ഒരുവൻ. നിലവാരം എന്ന വാക്കിൻ്റെ അർത്ഥം പറഞ്ഞാൽ കിട്ടുന്ന ഏറ്റവും മൂല്യം കുറഞ്ഞ ഉത്തരമാണ് ശശി. ചോദിക്കുന്നവനും ശശിയാകും കിട്ടുന്നവനും ശശിയാകും പറഞ്ഞവനും ശശി. ശശി എന്ന വാക്കിൻ്റെ അർഥം തന്നെ ചന്ദ്രൻ, പച്ചക്കർപ്പൂരം എന്നൊക്കെയാണ്. സ്വയം പ്രകാശിക്കാൻ കഴിവില്ലാത്തവനെങ്കിലും ഉപഗ്രഹമെന്ന് അഭിമാനിക്കുന്നവൻ.
ഇനി തരൂർ ശശിയെപ്പറ്റി പറയാം. ശശിക്ക് ഇംഗ്ലീഷ് അറിയാം. അതിന്? ശശിക്കിപ്പോൾ ബിജെപിയിലേക്ക് പോകണം. എന്തിന്? ബിജെപിക്കാർക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ ട്രംപിനോട് ചർച്ച നടത്താൻ അറിയില്ല. പ്രത്യേകിച്ച് സെഡ്, എക്സ്, ഡബ്ലിയൂ എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഉപയോഗവും പ്രയോഗവും ശശിക്കല്ലാതെ മറ്റൊരു ബിജെപിക്കാരനും അറിയില്ല.അവർക്കെല്ലാം ഹിന്ദിയാണ് മെയിൻ. ഇപ്പോൾ പഴയ പോലെ ഹിന്ദിയുമായി ആര്യൻമാരുടെ ഇടത്താവളമായ സൗദി അറേബ്യയിൽ പോലും പോകാൻ പറ്റില്ല. ഇംഗ്ലീഷാകട്ടെ ഇന്ത്യയിലെ ആര്യൻ മാർക്ക് അത്രയ്ക്ക് വഴങ്ങുന്നുമില്ല. അതിനാൽ കോൺഗ്രസിൽ നിന്ന് ആരേയെങ്കിലും കിട്ടിയാൽ മാത്രമേ ഇംഗ്ലീഷ് പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റു. ശശിയെ വേറൊന്നിനും കൊള്ളില്ല എന്ന് ബിജെപിക്കറിയാം. ബിജെപിയുടെ ആവശ്യം കോൺഗ്രസിന് അനാവശ്യമായി തോന്നുന്നതാണ്. ശശി ശരിക്കും കോൺഗ്രസിന് ഭാരമായിക്കഴിഞ്ഞു. ഇംഗ്ലീഷ് പറഞ്ഞു നടന്നതു കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും കിട്ടിയതുമില്ല.
അത്യാവശ്യം ലോക ചരിത്രവും രാജ്യ ചരിത്രവും കോളജുകളിലും യൂണിവേഴ്സിറ്റികളിലും പോയി പഠിച്ചവരാണ് മിക്ക കോൺഗ്രസുകാരും. നല്ല വിദ്യഭ്യാസവും ഉണ്ടാകും.പാർട്ടിക്കുള്ളിലെ സ്ഥാനമോഹം എതിർപ്പാർട്ടിക്കാരോടുള്ള ഏറ്റുമുട്ടലുകളേക്കാൾ പാർട്ടിക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടാൻ ഒരു പ്രവണത കോൺഗ്രസിനുള്ളിൽ സൃഷ്ടിക്കാറുണ്ട്. ആ കുഴപ്പമേയുള്ളൂ. അതൊരു കുഴപ്പമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അറിവ് കൂടിപ്പോകുന്ന നേതാക്കൾ പാർട്ടിക്കുള്ളിൽ ഉണ്ടായതു കൊണ്ടാണ് പാർട്ടി എക്കാലത്തും നട്ടം തിരിഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി സ്ഥാനത്തേക്ക് ഒക്കെ മത്സരിച്ചിട്ടുള്ള ശശിക്ക് അത്യാവശ്യം സ്വീകാര്യതയൊക്കെ കൽപ്പിച്ച് കോൺഗ്രസ്സിലേക്ക് കൂട്ടിക്കൊണ്ടു വന്നത് തന്നെ വിവരവും കഴിവും ഉള്ളവനാണ് എന്ന് കരുതിയാണ്. ഇൻറർനാഷണൽ ഫിഗറല്ലേ, സുന്ദരനല്ലേ, നല്ല വിദ്യാഭ്യാസമുള്ളവനല്ലേ, നല്ല ഭാഷാജ്ഞാനമുള്ളവനും മാനേജ്ങ്ങ് കപ്പാസിറ്റിയുള്ളവനും അല്ലേ എന്നൊക്കെ കോൺഗ്രസ് തെറ്റിദ്ധരിച്ചു പോയി. കോൺഗ്രസ് ലോക്സഭാ സീറ്റ് നൽകി, മത്സരിപ്പിച്ചു, വിജയിപ്പിച്ചു, കേന്ദ്ര മന്ത്രി സ്ഥാനവും കൊടുത്തു. പക്ഷെ മഹാനായ ഡോ.മൻമോഹൻ സിങ്ങിൻ്റെ മന്ത്രിസഭയിൽ ഇരിക്കാൻ യോഗ്യതയൊന്നും ശശിക്കില്ലെന്ന് ഞെട്ടലോടെയാണ് കോൺഗ്രസ് പല തവണയുണ്ടായ വിഷയങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞത്. ആദ്യമുണ്ടായ പ്രശ്നം ഐപിഎൽ കേരള ടീം രൂപീകരണവുമായാണ്. ആരോപണവുമായി രംഗത്ത് വന്നത് ബിജെപിയും സി പി എമ്മുമൊക്കെയാണ്. 2010 ൽ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിന്നെ ചെറുതും വലുതുമായ പല തലവേദനകൾ ശശി സൃഷ്ടിച്ചു. ശശിയുടെ വിശ്വ പൗരൻ പദവി സംരക്ഷിക്കാൻ കോൺഗ്രസ് പിന്നെയും ശ്രമിച്ചു പോന്നു. ശശിയെ കോൺഗ്രസ് വീണ്ടും മന്ത്രിയാക്കി. എന്നാൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയ ഘട്ടത്തിൽ ശശിയുടെ രണ്ടാം ഭാര്യ സുനന്ദ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായി. പിന്നെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നു വീണു. പക്ഷെ ശശിയെ കോൺഗ്രസ് കൈവിട്ടില്ല. ഒടുവിൽ 2021 ൽ വിചാരണ കോടതി ശശിയെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഡൽഹി പോലീസും ഡൽഹി ഭരണക്കാരും ശശിയെ പിന്തുടർന്നു. ഇതിനിടെ 2022 ൽ കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ലീഡർ മല്ലികാർജ്ജുന ഖാർഗെ യുമായി മത്സരിച്ചു. കോൺഗ്രസ് പ്രസിഡൻ്റാകാൻ വല്ലാത്ത താൽപര്യവും ശ്രമവും ശശി നടത്തി. പല തരം വിവാദങ്ങൾ സൃഷ്ടിച്ചു. പക്ഷെ ദയനീയമായി തോറ്റു. ഖാർഗെയ്ക്ക് ലഭിച്ച വോട്ടിൻ്റെ 10 ൽ ഒന്ന് വോട്ടു മാത്രമാണ് ശശിക്ക് കിട്ടിയത്. എങ്കിലും ശശിയെ ഹൈക്കമാൻഡിൻ്റെ ഭാഗമാക്കി കോൺഗ്രസ് സംരക്ഷിച്ചു. എന്നാൽ ശശിയാകട്ടെ ആ ആത്മാർഥതയൊന്നും കാണിച്ചില്ല. മാത്രമല്ല ചുമതലകൾ നിറവേറ്റാനോ സജീവമാകാനോ ശ്രമിച്ചില്ല. മാത്രമല്ല പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളിലും ചർച്ചകളിലുമായി ശശിയുടെ ശ്രദ്ധ. പാർട്ടിയിൽ സ്വന്തം താൽപര്യങ്ങൾക്ക് വിലയില്ല എന്ന തിരിച്ചറിവിൽ മൗനത്തിലായി. എന്നാൽ 2024 ൽ വീണ്ടും കോൺഗ്രസ് ശശിയെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു. പക്ഷെ ശശിയെ ഡൽഹിയിലെ ദുരാത്മാക്കൾ അലട്ടാൻ തുടങ്ങി. ഒടുവിൽ 2025 ആദ്യമാസങ്ങളിൽ തന്നെ ശശി പതിയെ യുദാസ് വേഷം അണിയാൻ തുടങ്ങി. പിണറായിയെ പുകഴ്ത്തൽ, മോദിയെ പുകഴ്ത്തൽ തുടങ്ങി, നാളിതുവരെ ചോറൂട്ടിയ കോൺഗ്രസിൻ്റെ ആത്മാഭിമാനത്തിൽ തുപ്പിയിടാൻ പോലും ശ്രമം തുടങ്ങി. പക്ഷെ പാർട്ടി നേതൃത്വം രഹസ്യമായി ചർച്ച യൊക്കെ ചെയ്തെങ്കിലും ശശി തനി ഗുണം തുടർന്നു. ഒടുവിൽ നാളിതുവരെ അഭിനയിച്ച നന്മ വേഷങ്ങൾ ഒക്കെ വിട്ട് വില്ലൻ റോളിൽ എത്തി കോൺഗ്രസിന്നെ മാന്താനാണ് ശശിയുടെ നീക്കം.
കുറ്റം പറയരുതല്ലോ, ജനിതകപരമായ സാംസ്കാരിക വൈകല്യം മറയ്ക്കാൻ ശശിക്കാവുന്നില്ല. ഒറ്റിക്കൊടുത്തും തിന്നുന്ന പാത്രത്തിൽ തുപ്പിയും ശശി മുന്നോട്ടു പോകുകയാണ്. പാർട്ടി നേതൃത്വവും അണികളും ശശിയോട് മൗനത്തിൽ തന്നെയാണ്. ശശി സ്വന്തം വൈകല്യത്തിന് യോജിച്ച പാർട്ടികളായ ബിജെപിയിലേക്ക് ചേക്കേറാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് ജനങ്ങൾ. അവിടാകുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ചരിത്രബോധമോ നിലവാരമോ ഒന്നും ആവശ്യമില്ല. സി പി എമ്മിലാണ് എങ്കിൽ ചരിത്രമേ ആവശ്യമില്ല.
പക്ഷെ ശശീ, ഒരു കോൺഗ്രസ് നേതാവിനും പ്രവർത്തകനും ഏത് പരാജയഘട്ടത്തിൽ പോലും കൈവിടാത്ത ചിലതുണ്ട്. ഒന്ന് കോൺഗ്രസിൻ്റെ ജനാധിപത്യ മതേതരത്വ നിലപാട്. 2 സ്വന്തം വ്യക്തിത്വ നിലവാരം. പക്ഷെ ശശീ, നീ ലോകം മുഴുവൻ നേടിയാലും നിലവാരം കെട്ടവനായാൽ പിന്നെ സ്വന്തം നിലവാരം ചോദ്യചിഹ്നമാണ് കേട്ടോ..... യൂദാസിനെ നാറ്റിക്കല്ലേ ശശീ.....
ചുരുക്കം:
ഖാർഗേ: ശശീ വന്നേ, ദോശ കഴിച്ചിട്ട് പോ....
ശശി: ആശ നശിച്ചിരിക്കുമ്പോഴാണോ ജീ ദോശ.
What will happen to Shashi? Shashi will only be Shashi